Kerala
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ
ജില്ലാ കളക്ടർ ജോൺവി.സാമുവൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർക്കാണ് അന്വേഷണ റിപ്പോർട്ട് കൈമാറിയത്.
അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പ് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് തലയോലപറന്പ് സ്വദേശി ബിന്ദു ആണ് മരിച്ചത്.
സംഭവത്തിൽ വ്യാപകപ്രതിഷേധമുയർന്നതിന് പിന്നാലെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കളക്ടറോട് ആവശ്യപ്പെട്ടത്.
Kerala
വി.എൻ. വാസവൻ
സഹകരണ, തുറമുഖം,
ദേവസ്വം മന്ത്രി
ആതുരസേവനത്തിൽ കേരളത്തിന് എന്നുംഅഭിമാനകരമായ പ്രവർത്തനംനടത്തിയിട്ടുണ്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. അത് അവിടുത്തെ അത്യാധുനിക സൗകരങ്ങളിലൂടെ മാത്രം നേടാനായതല്ല, ഡോക്ടർമാരുടെയും ജീവനക്കാരുടെയും സമർപ്പിതമായ പ്രവർത്തനത്തിന്റെ ഫലംകൂടിയാണ്.
അതുല്യമായ നേട്ടങ്ങൾ
എൽഡിഎഫ് സർക്കാർ വന്ന് ഒമ്പതു വർഷത്തിനിടെ 1,165 കോടിരൂപയുടെ വികസനപദ്ധതികളാണ് 89 പദ്ധതികളിലൂടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടപ്പാക്കിയത്.
ഹൃദയമാറ്റ ശസ്ത്രക്രിയകൾ പത്തെണ്ണം വിജയകരമായി നടത്തി. കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യ മെഡിക്കൽ കോളജ് അത്തരം ഏഴെണ്ണം വിജയകരമായി നടത്തി. 233 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇവിടുത്തെ ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം നാലായിരത്തിലധികം ഇന്റവെൻഷണൽ റേഡിയോളജി പ്രൊസീജറും നൂറിലധികം മേജർ ന്യൂറോ ഇന്റർവെൻഷണൽ പ്രൊസീജറുകളും ചെയ്ത് ഇക്കാര്യത്തിൽ ഇന്ത്യയിൽത്തന്നെ മുൻപന്തിയിലെത്തി.
വർഷം രണ്ടായിരത്തിലധികം മേജർ ഓപ്പറേഷൻ ചെയ്യുന്ന ഹൃദയശസ്ത്രക്രിയാ വിഭാഗമാണ് ഇവിടെയുള്ളത് . ഓപ്പൺ ഹാർട്ട് സർജറി, പീഡിയാട്രിക് ഹാർട്ട് സർജറി, വാൽവ് മാറ്റിവയ്ക്കൽ എന്നിവ നടത്തുന്നതിൽ അസാമാന്യമികവ് പുലർത്തുന്നു. വർഷം ആയിരത്തിനുമേൽ മേജർ ഓപ്പറേഷൻ ചെയ്യുന്ന ന്യൂറോസർജറിവിഭാഗം. വളരെ സങ്കീർണവും ചെലവേറിയതുമായ അയോർട്ടിക് അന്യൂറിസം ആൻഡ് അയോർട്ടിക് റൂട്ട്സർജറിയിൽ അഞ്ഞൂറിലധികം ശസ്ത്രക്രിയകൾ കഴിഞ്ഞ അഞ്ചു വർഷംകൊണ്ട്പൂർത്തിയാക്കിയ ഇന്ത്യയിലെ മൂന്നു പ്രധാന അയോർട്ടിക് സർജറി സെന്ററുകളിലൊന്നാണ് ഇവിടുത്തെ ഹൃദയശസ്ത്രക്രിയാ വിഭാഗം.
കഴിഞ്ഞ 10 വർഷംകൊണ്ട് ആയിരത്തിലധികം മൈട്രൽ വാൽവ് റിപ്പയർ ചെയ്ത് ഇന്ത്യയിലെ ഏറ്റവുമധികം മൈട്രൽ വാൽവ് റിപ്പയർ ചെയ്യുന്ന സെന്ററായി. കേരളത്തിൽ സർക്കാർ മേഖലയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ഇവിടെ പിറന്നു. ഗൈനക്കോളജിയിൽ മറ്റ് ആശുപത്രികളിൽനിന്ന് റഫർ ചെയ്യുന്ന, മരണത്തോട് മുഖാമുഖംനിന്ന 249 അമ്മമാരെ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ചികിത്സിച്ചു ഭേദമാക്കി.
വിപുലമായ ചികിത്സാ സൗകര്യങ്ങൾ
പണിപൂർത്തിയായ എട്ടുനിലയുള്ള സർജിക്കൽ ബ്ലോക്ക്, നിർമാണംനടക്കുന്ന സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് എന്നിവ 526 കോടിരൂപയുടെപദ്ധതികളാണ്. സർജിക്കൽ ബ്ലോക്കിൽ 565 കിടക്കയും14 ഓപ്പറേഷൻ തിയറ്ററുമുണ്ട് . സൂപ്പർ സ്പെഷലിറ്റി ബ്ലോക്കിൽ 365 കിടക്കയും12 ഓപ്പറേഷൻ തിയറ്ററുമുണ്ട്. 36 കോടിരൂപ മുടക്കി കാർഡിയോളജി ബ്ലോക്കിന്റെ രണ്ടാംഘട്ടം പൂർത്തീകരിച്ചു. പത്തരക്കോടി രൂപ മുടക്കുള്ള സാംക്രമികരോഗ ചികിത്സാവിഭാഗം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി, അഞ്ച് നിലയുള്ള അത്യാഹിതവിഭാഗം കെട്ടിടം നിർമിച്ചത്.
നിരവധി പുനരുദ്ധാരണ പ്രവർത്തനങ്ങളുംആശുപത്രിയിൽ നടത്തി. ആർദ്രം പദ്ധതിയിൽ രണ്ടു ഘട്ടങ്ങളിലായി ഗൈനക്കോളജി വിഭാഗത്തിനായി 8.5 കോടിരൂപ മുടക്കി.
മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾക്ക് ഒന്നരക്കോടി, സിടി സിമുലേറ്ററിന് നാല് കോടി, പിജി റെസിഡൻസ് ക്വാർട്ടേഴ്സിന് 12.10 കോടി, വനിതകളുടെ 450 ബെഡ് ഹോസ്റ്റലിന് 12.24 കോടി, 13 ഐസൊലേഷൻ കിടക്കകൾക്ക് 16.5 കോടി, എംആർഐ ഡിഎസ് എ സംവിധാനത്തിന് 11.5 കോടി, ബേൺസ് ഐസിയു 16.9 കോടി, സ്കിൻ ലാബ് 4.8 കോടി, നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തിന് അഞ്ച് കോടിഎന്നിങ്ങനെ ചെലവഴിച്ചു.
ഏഴ് കോടിരൂപ മുടക്കി രണ്ടാമത്തെ കാത്ത് ലാബ് സ്ഥാപിച്ചു. പാരാമെഡിക്കൽ ഹോസ്റ്റലിന് ആറ് കോടി, എപ്പിഡമിക് വാർഡിന് ആറ് കോടി, 32 സ്ലൈസ് സിടി സ്കാനിന് 4.28 കോടി, ഫാർമസി കോളജിന് 27.2 കോടി എന്നിങ്ങനെ ചെലവഴിച്ചു. കുട്ടികളുടെആശുപത്രിയിൽ 6.5 കോടിരൂപയുടെപദ്ധതികൾ നടപ്പാക്കി.
മികവിന്റെ മുദ്രചാർത്തിയ അംഗീകാരങ്ങൾ
പ്രധാനമന്ത്രിയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലൂടെ പാവപ്പെട്ട രോഗികൾക്ക്ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സ്ഥാപനത്തിനുള്ള ആരോഗ്യമന്ഥൻ പുരസ്കാരം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കാണ് ലഭിച്ചത്. 2022ലെ മെഡിസെപ് ബെസ്റ്റ് പെർഫോമറായി.
കോട്ടയം എംസിഎച്ച് തുടങ്ങിയ പദ്ധതികളും അനവധി. ആദ്യമായിട്രാൻസ്ജെൻഡർ ക്ലിനിക്ആരംഭിച്ചു. കേരളത്തിൽ ആദ്യമായി പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി എംഡിഎസ് കോഴ്സ് കോട്ടയം ദന്തൽ കോളജിൽ ആരംഭിച്ചു. സർക്കാർ തലത്തിലെ ആദ്യ കാർഡിയാക് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിച്ചു.
പ്രൈമറി ആൻജിയോപ്ലാസ്റ്റിയിൽ ഇന്ത്യയിൽ ഒന്നാമതും ആകെ ആൻജിയോപ്ലാസ്റ്റിയിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുമെത്തി. കേരളശ്രീ പുരസ് കാരം ലഭിച്ചിട്ടുള്ള ഏറ്റവുംസമർഥനായ ഡോക്ടറാണ് സൂപ്രണ്ട് ടി.കെ. ജയകുമാർ.
മാസ് കാഷ്വാലിറ്റി കൈകാര്യം
ചെയ്യുന്നതിൽ വിജയം
ദുരന്തസാഹചര്യങ്ങളിൽ മാസ് കാഷ്വാലിറ്റിയെ മികച്ചരീതിയിൽ കൈകാര്യം ചെയ്യാൻ മെഡിക്കൽ കോളജ് ആശുപത്രിക്കു കഴിഞ്ഞിട്ടുണ്ട്. ഐങ്കൊമ്പ് ബസ് ദുരന്തം, ശബരിമല ദുരന്തം, കുമരകം ബോട്ടപകടം, നൂറിലധികം പേർ മരിച്ച പുല്ലുമേട് ദുരന്തം, തേക്കടി ബോട്ടപകടം തുടങ്ങി കൂട്ടിക്കൽ ഉരുൾപൊട്ടൽ വരെ എത്രയെത്ര സംഭവങ്ങൾ മെഡിക്കൽ കോളജ് മാസ് കാഷ്വാൽറ്റി കൈകാര്യം ചെയ്തു. ഇതിനെല്ലാം സാക്ഷിയായ എളിയ പൊതുപ്രവർത്തകനായിരുന്നു ഞാൻ. പ്രതിവർഷം പത്തേകാൽ ലക്ഷം ഒപിയും 1,10,000 ഐപിയുമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
മൂർഖന്റെ കടിയേറ്റ് ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച വാവ സുരേഷിനെ ഈ ആതുരാലയം ജീവിതത്തിലേക്കു മടക്കിയെത്തിച്ചത് ആരും മറന്നിട്ടുണ്ടാകില്ല. അതിവേഗം ടീം രൂപീകരിച്ച് നടത്തിയ പ്രവർത്തനം കേരളം അത്ഭുതത്തോടെ നോക്കിനിന്നിരുന്നു. മറ്റൊരിക്കൽ, മണിപ്പാലിൽനിന്നുവരെ രക്ഷയില്ലെന്നു പറഞ്ഞ് തിരിച്ചയച്ച രോഗിയുടെ 43 കിലോ വരുന്ന ട്യൂമർ ഇവിടെ നീക്കംചെയ്തു.
ജൂലൈ മൂന്നിനുണ്ടായ ദുരന്തത്തിൽ ഡി. ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവം അതിദാരുണവും വേദനാജനകവുമാണ്. അന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മഹത്തായ ഈ ആരോഗ്യസ്ഥാപനത്തെ ആ അപകടം ഉപയോഗപ്പെടുത്തി തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണം.
Kerala
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലം സന്ദര്‍ശിച്ചു. ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അറുപത് വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനു 12 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ബലക്ഷയമുണ്ടെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നതാണ്. കെട്ടിടം ഉപയോഗിച്ചിരുന്നില്ലെന്നു ബന്ധപ്പെട്ട അധികൃതര്‍ പറയുമ്പോഴും ആയിരക്കണക്കിനു പേര് എത്തുന്ന സ്ഥലത്തെ ഉപയോഗ ശൂന്യമായി കെട്ടിടത്തില്‍ ആളുകള്‍ പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ല.
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അതിവേഗത്തില്‍ സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഫയര്എഞ്ചിന് കടന്നുവരാന്‍ വഴിയുണ്ടാകണമെന്ന പുതിയ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രാബല്യത്തിലാകുംമുമ്പ് നിര്‍മിച്ച കെട്ടിടമാണ് ഇതെന്നും ബലക്ഷയം സംബന്ധിച്ചുള്ള തദ്ദേശ സ്ഥാപന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും കളക്ടര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. വി. ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, റവന്യു, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എന്നിവരാണ് കളക്ടറുടെ സംഘത്തില്‍ ഉണ്ടായിരുന്നത്.
Kerala
കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചതിനു പിന്നാലെ സ്ഥലത്ത് പ്രതിഷേധവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമാണെന്നാണ് അപകടസ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും അറിയിച്ചിരുന്നത്. ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു.
ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്ന ബിന്ദു 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നിൽക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു.
Kerala
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്.
അപകടമുണ്ടായ 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ഇവർ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്.
ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നിൽക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു.
Kerala
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്നുനില കെട്ടിടം പൊളിഞ്ഞുവീണു. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണതെന്നാണ് വിവരം.
അപകടത്തിൽ ഒരു കുട്ടി അടക്കം രണ്ട് പേർക്ക് പരിക്കുണ്ട്. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അകത്ത് ആരെങ്കിലും കുടുങ്ങികിടപ്പുണ്ടോയെന്ന് പരിശോധിക്കുകയാണ്.
District News
പുതിയ ബ്ലോക്കിന്റെ കെട്ടിടനിർമാണം പൂർത്തീകരിച്ചു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ കാർഡിയോളജി ബ്ലോക്ക് ഏർപ്പെടുത്തുന്നു. നിലവിലെ കാർഡിയോളജി-കാർഡിയോ തൊറാസിക്ക് വിഭാഗത്തോട് ചേർന്നാണ് പുതിയ ബ്ലോക്കിന്റെ നിർമാണം നടത്തിയിരിക്കുന്നത്.
മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തിന്റെ ചികിത്സാ മികവ് കണക്കിലെടുത്തും നൂതന ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് നബാഡ് അനുവദിച്ച 36 കോടി ചെലവഴിച്ച് പുതിയ കാർഡിയോളജി ബ്ലോക്ക് ആരംഭിക്കുന്നത്.
നാലു നിലകളുള്ള ബിൽഡിംഗിന്റെ നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞു. ഇനി നൂതന ചികിത്സാ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും ഏർപ്പെടുത്തണം. ഇവിടെ 28 തീവ്രപരിചരണ യൂണിറ്റുകളും മൂന്ന് ശസ്ത്രക്രിയാ വിഭാഗവും 200 കിടക്കകളുള്ള വാർഡും ഉണ്ടായിരിക്കും. വിഐപി മുറികൾക്ക് പുറമേ പേ വാർഡുകൾ ഏർപ്പെടുത്താനും ആലോചനയുണ്ട്.
ഓക്സിജൻ, ലാബ് സംവിധാനവും ഉണ്ടായിരിക്കും. ബ്ലോക്കിൽ ഉടൻ ചികിത്സ ആരംഭിക്കാവുന്ന തരത്തിൽ ത്വരിത ഗതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
District News
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ ശോച്യാവസ്ഥ തുടരുന്നു. പത്തനംതിട്ട , ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങി വിവിധ ജില്ലകളിൽനിന്നുള്ള ആയിരക്കണക്കിന് രോഗികൾ ദിവസേന എത്തുന്ന ബസ് സ്റ്റാൻഡാണ് മെഡിക്കൽ കോളജിലേത്. എന്നാൽ, സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം യാത്രക്കാരെ വലയ്ക്കുകയാണ്. സ്റ്റാൻഡിന്റെ കാലപ്പഴക്കവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പൊട്ടിപ്പൊളിഞ്ഞു കിടന്ന സ്റ്റാൻഡ് വലിയ പ്രതിഷേധത്തെത്തുടർന്ന് അടുത്ത കാലത്ത് കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ, സ്റ്റാൻഡിൽ യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യം പരിമിതമാണ്. യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളേർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
സ്റ്റാൻഡ് പുനർനിർമിക്കുന്പോൾ ഷോപ്പിംഗ് കോപ്ലക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളേർപ്പെടുത്തുമെന്നാണ് ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ അവകാശപ്പെടുന്നുണ്ട്. വിവിധ ജില്ലകളിൽനിന്നുള്ള രോഗികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്.
ഈ സാഹചര്യത്തിൽ ആശുപത്രിയിലേക്ക് വിവിധ ജില്ലകളിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നേരിട്ട് കൂടുതൽ കെഎസ്ആർടിസി ബസുകളേർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.